ജയിച്ചു തുടങ്ങാൻ ടീം ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെ നേരിടും
Thursday, February 20, 2025 8:44 AM IST
ദുബായി: 2023 ഏകദിന ലോകകപ്പ് നഷ്ടപ്പെട്ടതിന്റെ ദുഃഖമകറ്റാൻ രോഹിത് ശർമയുടെ ടീം ഇന്ത്യ ഇന്നു മുതൽ ഐസിസി ചാന്പ്യൻസ് ട്രോഫി കളത്തിൽ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ.
എട്ടുവർഷം മുന്‍പ് നടന്ന അവസാന ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി കപ്പുയർത്തിയ പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 എഡിഷനിൽ കപ്പടിച്ച് കണക്കുതീർക്കുകയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
രോഹിത്, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ചാന്പ്യൻസ് ട്രോഫിയാകുമിതെന്നാണ് കണക്കുകൂട്ടൽ. ഇംഗ്ലണ്ടിനെ 3-0ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യക്കു സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് കളിക്കാത്തതു തിരിച്ചടിയാണ്.
2024ൽ കളിച്ച ഒന്‍പത് ഏകദിനങ്ങളിൽ മൂന്ന് ജയം മാത്രം നേടിയ ബംഗ്ല കടുവകളുടെ കാര്യം അത്ര സുരക്ഷിതമല്ല. നിലവിലെ ഫോമിൽ നീലപ്പടയ്ക്ക് ബംഗ്ലാദേശ് വെല്ലുവിളിയുയർത്തില്ല. അട്ടിമറിജയം നേടുകയാണ് നജ്മുൽ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശിന്റെ ലക്ഷ്യം.
ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ വെല്ലുവളിയുയർത്തുന്ന പിച്ചാണ് ദുബായിലേത്. തുടക്കത്തിൽ പേസർമാർക്ക് അനുകൂലമാകുന്ന പിച്ച് മധ്യ ഓവറുകളിൽ സ്പിന്നർമാരെ തുണയ്ക്കും. ഈർപ്പം കാണപ്പെടുമെന്നതിനാൽ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
ഇന്ത്യക്കു ബാറ്റിംഗ് കരുത്ത്
രോഹിത്- ശുഭ്മാൻ ഗിൽ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ കരുത്ത്. ഐസിസി ബാറ്റർമാരിൽ ഗിൽ ഒന്നാം സ്ഥാനത്തും രോഹിത് മൂന്നാമതുമാണ്. മികച്ച സ്ട്രൈക്ക് റേറ്റിൽ തുടക്കത്തിൽ റണ്‍സ് കണ്ടെത്താൻ ഇരുവർക്കും സാധിക്കുന്നു.
കോഹ്ലി ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറിയിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയതും പ്രതീക്ഷയാണ്. മധ്യനിരയിൽ ശ്രേയസ് അയ്യർ അനായാസം റണ്‍സ് കണ്ടെത്തുന്പോൾ കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും മികച്ച രീതിയിൽ സ്കോർ ചെയ്യുന്നുണ്ട്.
മുഹമ്മദ് ഷമിക്കൊപ്പം അർഷദീപ് സിംഗ്, ഹർഷിത് റാണ എന്നിവരാണ് പേസ് കരുത്ത്. പിന്തുണയുമായി ഹാർദിക് പാണ്ഡ്യയുണ്ട്. ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി എന്നീ സ്പിന്നർമാരും എതിരാളികളെ വരിഞ്ഞുമുറുക്കും.
ബൗളിംഗിൽ തിളങ്ങാൻ ബംഗ്ലാദേശ്
ഏതു ടീമിനെയും വീഴ്ത്താൻ ശക്തമാണ് തങ്ങളുടെ പേസ് ബൗളിംഗ് എന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയുടെ അവകാശവാദം. 140 കിലോമീറ്റർ വേഗത്തിൽ തുടർച്ചയായി പന്തെറിയുന്ന ഇരുപത്തിരണ്ടുകാരൻ നാഹിദ് റാണയിലാണ് ക്യാപ്റ്റന്റെ പ്രതീക്ഷ.
ടസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ തുടങ്ങിയവർ പേസ് ആക്രമണം ശക്തമാക്കും. ക്യാപ്റ്റനൊപ്പം സീനിയർ താരങ്ങളായ സൗമ്യ സർക്കാർ, മുഷ്ഫിക്കർ റഹിം, തൗഹിദ് ഹൃദോയ് തുടങ്ങിയവർക്കാണ് മികച്ച ടോട്ടൽ പടുത്തുയർത്താനുള്ള ചുമതല.
ചരിത്രം ഇതുവരെ
ഇന്ത്യയ്ക്കെതിരേ 42 ഏകദിന മത്സരങ്ങളിൽ എട്ട് ജയം മാത്രമാണ് ബംഗ്ലാദേശിനുള്ളത്. എന്നാൽ, 2023 ഏഷ്യകപ്പിലടക്കം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് ജയം നേടാൻ അവർക്കായിട്ടുണ്ട്. 2023 ലോകകപ്പിലാണ് അവസാനം ഇരുവരും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്കായിരുന്നു ജയം. 2017 ചാന്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശ് ഉയർത്തിയ 265 റണ്‍സ് ലക്ഷ്യം മറികടന്ന് ഇന്ത്യ ഒന്‍പത് വിക്കറ്റ് ജയം നേടിയിരുന്നു.