മാട്ടുപ്പെട്ടി ബസപകടം; ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു
Thursday, February 20, 2025 8:35 AM IST
ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. നാഗർകോവിൽ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പോലീസ് കേസെടുത്തത്.
അലക്ഷ്യമായി വാഹനമോടിക്കൽ, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. മാട്ടുപ്പെട്ടിയിൽ എക്കോ പോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. ആദിക, വേണിക, സുതൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേയ്ക്കാണ് മാറ്റിയിരുന്നത്. ബാക്കിയുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
കന്യാകുമാരിയില്‍നിന്നുള്ള 40 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം.