പീഡനക്കേസിൽ വധശിക്ഷയിൽനിന്ന് ഇളവുകിട്ടി പുറത്തിറങ്ങി; 11കാരിയെ പീഡിപ്പിച്ചു കൊന്നു, പിടിയിൽ
Thursday, February 20, 2025 12:55 AM IST
ഭോപ്പാല്‍: മധ്യപ്രദേശില്‍ പീഡനക്കേസില്‍ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി.
മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ 11 കാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത 11കാരിയെ ഫെബ്രുവരി ഒന്നാം തീയതി രാത്രിയോടെയാണ് നരസിംഗഢിലെ വീട്ടില്‍നിന്ന് കാണാതായത്. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നും ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി.
തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസം ചെല്ലുംതോറും പെണ്‍കുട്ടിയുടെ നില ഗുരുതരമായി. ഒടുവില്‍ ഫെബ്രുവരി എട്ടാംതീയതിയോടെ കുട്ടി മരണത്തിന് കീഴടങ്ങി.
കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി.
രമേഷ് സിംഗ് സീരിയല്‍ റേപ്പിസ്റ്റാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയിലെ പൊലായ് കാലാ പട്ടണത്തിലെ ദബ്രിപുര സ്വദേശിയാണ് ഇയാൾ.
2003-ല്‍ ഷാജാപുരിലെ മുബാരിക്പുര്‍ ഗ്രാമത്തിലെ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ആദ്യമായി പിടിക്കപ്പെട്ടത്. പത്തുവര്‍ഷത്തെ ശിക്ഷയാണ് അന്ന് രമേഷിന് ലഭിച്ചത്. ശിക്ഷ കഴിഞ്ഞ് 2013-ല്‍ പുറത്തിറങ്ങിയ പ്രതി തൊട്ടടുത്ത വര്‍ഷം അടുത്ത പെണ്‍കുട്ടിയെ ആക്രമിച്ചു.
2014-ല്‍ സെഹോര്‍ ജില്ലയിലെ ആഷ്ത നഗരത്തില്‍നിന്നും എട്ടു വയസുകാരിയെ രമേഷ് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. പിടിക്കപ്പെട്ട പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.
2019-ല്‍ കേസ് ഹൈക്കോടതിയില്‍ എത്തി. പ്രതിയെ തിരിച്ചറിയുന്നതിനായി നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കുട്ടിക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്നും, അച്ഛന്റെ സാന്നിധ്യം കുറ്റവാളിയെ തിരിച്ചറിയുന്നതില്‍ കുട്ടിയെ സ്വാധീനിച്ചിരിക്കാമെന്നും വാദം കൊഴുത്തു.
നിയമത്തിലെ പഴുതുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തി രമേഷ് സ്വതന്ത്രനായി പുറത്തിറങ്ങി. എന്നാലത് വീണ്ടുമൊരു പെണ്‍കുട്ടിയുടെ ജീവനെടുക്കുന്നതിലേക്കാണ് നയിച്ചത്.