ട്രംപ് ഇടപെട്ടു; റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കളമൊരുങ്ങുന്നു
Tuesday, February 18, 2025 9:45 PM IST
റിയാദ്: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ഒരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് സൗദിയിൽ നടത്തിയ ചർച്ചയിലാണ് യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്.
നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നും യോഗത്തിനുശേഷം റഷ്യയുടെ പ്രതിനിധികൾ പറഞ്ഞു. റിയാദിലെ ദിരിയ്യ കൊട്ടാരത്തിലായിരുന്ന ചർച്ച.
സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകൻ മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. ട്രംപിന്റെ പ്രതിനിധികളായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് മധ്യേഷ്യ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ് എന്നിവർ പങ്കെടുത്തു.
യുക്രെയ്നു മാനുഷിക സഹായം ഉറപ്പാക്കുന്ന ധാരണ പത്രവും ഒപ്പിട്ടു. തുടർചർച്ചകൾക്കും അമേരിക്കയും റഷ്യയും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി. യോഗത്തിൽ യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുത്തില്ല.
യുക്രെയ്ൻ പങ്കെടുക്കാത്ത ചർച്ചകളിലെ ഒരു തീരുമാനവും രാജ്യം അംഗീകരിക്കില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി പറഞ്ഞു. ചർച്ചകളിൽനിന്നു മാറ്റിനിർത്തുന്നതിൽ യൂറോപ്യൻ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തി.