പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിന്റെ വീടുൾപ്പെടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ്
Tuesday, February 18, 2025 10:02 AM IST
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.
കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്റെ ഇടുക്കി കോളപ്രയിലുള്ള വീട്ടിലും സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ ഓഫീസിലും തോന്നയ്ക്കൽ സായി ഗ്രാമത്തിലും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് പരിശോധന പുരോഗമിക്കുന്നത്.
ഇന്നു പുലർച്ചെ മുതൽ കൊച്ചിയിൽനിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് ആരംഭിച്ചത്. നേരത്തെ, കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
പാതിവില തട്ടിപ്പിൽ കണ്ണൂർ ടൗൺ പോലീസ് എടുത്ത കേസിൽ ലാലി വിൻസെന്റ് ഏഴാം പ്രതിയാണ്. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന് തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്നും ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു.