സിദ്ധാർഥന്റെ കേസിൽ കർശന ശിക്ഷ നൽകിയിരുന്നെങ്കിൽ കോട്ടയത്തെ റാഗിംഗ് ക്രൂരത ഉണ്ടാവില്ലായിരുന്നു: ചെന്നിത്തല
Monday, February 17, 2025 3:11 PM IST
കോട്ടയം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസുകളിലെ കോടതിവിധികളെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിദ്ധാർഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികൾക്ക് കർശന ശിക്ഷനൽകുമെന്ന സന്ദേശം വിധി ന്യായത്തിൽ നൽകിയിരുന്നെങ്കിൽ ഇപ്പോൾ കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിൽ ഇങ്ങനെയുണ്ടാവില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ നടന്നതുപോലെയുള്ള അതിക്രൂരവും ഭീകരവുമായ റാഗിംഗ് സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാവുകയാണ്. ഇതിനൊരു കാരണം നിര്‍ഭാഗ്യവശാല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച രണ്ടു വിധിന്യായങ്ങള്‍ ഇത്തരം റാഗിംഗ് കേസുകളില്‍ കൊലയാളികള്‍ക്കു നല്കുന്ന ആനുകൂല്യമാണെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ ഗുണ്ടകളാല്‍ ക്രൂരമായി റാഗ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട ജെ.എസ്. സിദ്ധാർഥന് എന്ന വിദ്യാർഥിയെ പീഡിപ്പിച്ച പ്രതികളുടെ ജാമ്യം, തുടര്‍പഠനം എന്നിവ സംബന്ധിച്ചാണ് കേരള ഹൈക്കോടതി 2024ല്‍ ഈ രണ്ടു വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചത്.
ഹൈക്കോടതി 2024 മേയ് 31ന് പുറപ്പെടുവിച്ച വിധിയിലൂടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. നിയമപരമായി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെ ന്യായീകരിച്ചാല്‍ പോലും, ജാമ്യം അനുവദിക്കാന്‍ കോടതി നിരത്തിയ ന്യായങ്ങള്‍ ഞെട്ടിക്കുന്നതും തീര്‍ത്തും വാസ്തവവിരുദ്ധവും പ്രതികളെ അടിമുടി ന്യായീകരിക്കുന്നതുമായിരുന്നു.
അങ്ങനെ സിദ്ധാർഥന് എന്ന വിദ്യാർഥിയെ അതിക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ച മുഴുവന്‍ പ്രതികളും ഹൈക്കോടതി വിധിയിലൂടെ ജാമ്യത്തില്‍ ഇറങ്ങി. ഒപ്പം പ്രതികള്‍ സിദ്ധാർഥനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചില്ല എന്ന സര്‍ട്ടിഫിക്കറ്റും കോടതി പ്രതികള്‍ക്ക് നല്കി.
തുടര്‍ന്ന് 2024 ഡിസംബര്‍ അഞ്ചിന് ഹൈക്കോടതി പുറപ്പെടുവിച്ച മറ്റൊരു വിധിയിലൂടെ, കേസിലെ മുഴുവന്‍ പ്രതികളെയും തൃശൂര്‍ മണ്ണുത്തി കോളജില്‍ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. എന്ന് മാത്രമല്ല, സിദ്ധാർഥന് അതിക്രൂരമായി പീഡനത്തിന് ഇരയായി എന്ന് കണ്ടെത്തിയ ആന്റി റാഗിംഗ് സ്ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടും റദ്ദാക്കി.
ഭാഗ്യത്തിന്, മരണമടഞ്ഞ സിദ്ധാർഥന്റെ മാതാപിതാക്കളുടെ പോരാട്ടം മൂലം പ്രതികളെ മണ്ണുത്തി കോളജില്‍ പഠിപ്പിക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.
ഇവിടെ ഉയരുന്ന സുപ്രധാന ചോദ്യം, സിദ്ധാർഥന് എന്ന വിദ്യാർഥിയെ കൊടിയ ശാരീരിക ആക്രമണത്തിനും, പീഡനത്തിനും ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രതികളെയാകെ സംരക്ഷിക്കുന്ന സമീപനത്തിന് പകരം ഹൈക്കോടതി സിദ്ധാർഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികള്‍ക്ക് കര്‍ശനശിക്ഷ ലഭിക്കും എന്ന വ്യക്തമായ സന്ദേശം വിധിന്യായങ്ങളിലൂടെ നല്കിയിരുന്നുവെങ്കില് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പോലുള്ള ക്രൂരമായ റാഗിംഗ് അനുഭവങ്ങള്‍ ആവര്ത്തിക്കപ്പെടുമായിരുന്നോ എന്നതാണ്.
സാധാരണ മനുഷ്യരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന രക്ഷിതാവാണ് കോടതികള്‍ എന്ന് കാര്യം നാം മറന്നുകൂടാ എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, കോട്ടയം റാഗിംഗ് കേസുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവനെതിരേ രൂക്ഷവിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത്. വാസവൻ പറഞ്ഞത് സംഭവത്തിനു പിന്നിൽ എസ്എഫ്ഐ ഇല്ലെന്നാണ്. എന്നാൽ തെളിവുകൾ സഹിതം ആളുകൾ പറയുന്നു, ഇതിനു നേതൃത്വം കൊടുത്തത് എസ്എഫ്ഐയുടെ ഒരു നേതാവാണെന്ന്.
ഒരു മന്ത്രി സംരക്ഷിക്കാൻ വേണ്ടി ഇറങ്ങുമ്പോൾ ഇനി എന്ത് അന്വേഷണമാണ് പോലീസ് നടത്താൻ പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു.