കെ.കെ. ശൈലജയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ലീഗ് നേതാവിന് പിഴയിട്ട് കോടതി
Sunday, February 16, 2025 8:44 PM IST
കോഴിക്കോട്: സിപിഎം നേതാവ് കെ.കെ. ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് കോടതി ശിക്ഷ വിധിച്ചു. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനോടാണ് കോടതി പിഴയൊടുക്കാൻ നിർദേശിച്ചത്.
തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപയാണ് ഇയാൾക്ക് പിഴയായി വിധിച്ചത്. സംഭവത്തിൽ ചൊക്ലി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പുൾപ്പെടെ ചേർത്താണ് കേസെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ശൈലജയുടെ പേരിൽ ആണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ.കെ. ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.