താമരശേരിയിൽ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; അഞ്ചുവയസുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
Sunday, February 16, 2025 2:23 PM IST
കോഴിക്കോട്: താമരശേരി അടിവാരം ചിപ്പിലിത്തോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബു, ഭാര്യ സോഫിയ, ഇവരുടെ പേരക്കുട്ടി അഞ്ചുവയസുകാരിയായ ഇസബെൽ എന്നിവർക്കാണ് പരിക്കേറ്റത്.
പുലിക്കല്‍ പാലത്തിന് സമീപം ഇന്നു രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് റോഡില്‍ നിന്ന് തെന്നിമാറിയ വാഹനം തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ സോഫിയയ്ക്ക് തലയ്ക്കാണ് പരിക്ക്.