ഡൽഹി ദുരന്തം കേന്ദ്രത്തിന്റെ കെടുകാര്യസ്ഥതയെന്ന് രാഹുൽ; കൃത്യമായ കണക്ക് പുറത്തുവിടണമെന്ന് ഖാർഗെ
Sunday, February 16, 2025 12:09 PM IST
ന്യൂഡൽഹി: ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കുമെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
റെയിൽവേയുടെ പരാജയവും കേന്ദ്ര സർക്കാരിന്റെ നിർവികാരതയും എടുത്തുകാണിക്കുന്നതാണ് ഈ അപകടമെന്ന് രാഹുൽ എക്സ് പോസ്റ്റിൽ കുറിച്ചു. റെയിൽവേ സ്റ്റേഷനിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ കുറിച്ചു.
"പ്രയാഗ്രാജിലേക്കു പോകുന്ന ഭക്തരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, സ്റ്റേഷനിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആർക്കും ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം’- രാഹുൽ പറഞ്ഞു.
അതേസമയം, സർക്കാർ നടപടികളിൽ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കാണാതായവരുടെയും കൃത്യമായ കണക്ക് വേഗം പുറത്തുവിടണം. പരുക്കേറ്റവർക്കു ചികിത്സ നൽകുന്നതിനും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതിനുമാകണം മുൻഗണനയെന്നും ഖർഗെ എക്സിൽ കുറിച്ചു.