മസ്തകത്തിൽ മുറിവേറ്റ കാട്ടാന ജനവാസ മേഖലയിൽ
Sunday, February 16, 2025 10:45 AM IST
തൃശൂർ: മസ്തകത്തിൽ മുറിവേറ്റ കാട്ടാന ജനവാസ മേഖലയിൽ. ഏഴാറ്റുമുഖത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണ്.
ഇഞ്ചിക്കൽ ആന്റുവിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് ആന നിലയുറപ്പിച്ചത്. കൃഷികളും ആന നശിപ്പിച്ചു. ആനയുടെ മുറിവിൽനിന്നും ദുർഗന്ധം വമിക്കുന്നുണ്ട്.
അതേസമയം ആനയെ പിടികൂടാനായി കുങ്കിയാനയെ എത്തിച്ചു. കാട്ടാനയെ ബുധനാഴ്ച മയക്കുവെടിവയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. കാട്ടാന തീറ്റയും വെള്ളവും എടുക്കുന്നുണ്ടെങ്കിലും ക്ഷീണം ഉള്ളതായാണ് കാണുന്നത്.
മയക്കുവെടിവച്ച് പിടിച്ചശേഷം ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും. കോടനാട് അഭയാരണ്യ കേന്ദ്രത്തില്‍ കൂടിന്റെ നിര്‍മാണത്തിനു വേണ്ടി ദേവികുളം ഫോറസ്റ്റ് ഡിവിഷനില്‍ നിന്ന് യൂക്കാലിമരങ്ങള്‍ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.