പരാക്രമം തുടർന്ന് പടയപ്പ; മാട്ടുപ്പെട്ടിയിൽ വഴിയോരത്തെ കട തകർത്തു
Sunday, February 16, 2025 10:31 AM IST
മൂന്നാർ: മൂന്നാറിൽ പരാക്രമം തുടർന്ന് കാട്ടാനയായ പടയപ്പ. ഇന്ന് രാവിലെ മാട്ടുപ്പെട്ടിയിൽ വഴിയോരത്തെ കട പടയപ്പ തകർത്തു. പിന്നീട് ആർആർടി സംഘമെത്തിയാണ് കാട്ടാനയെ തുരുത്തിയത്. ആന മദപ്പാടിൽ ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിർദേശം നൽകി.
ശനിയാഴ്ച രാത്രി ജീപ്പിനും ബൈക്കിനും നേരെ പടയപ്പ നടത്തിയ ആക്രമണത്തെത്തുടർന്ന് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്കേറ്റു. ആനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണാണ് ഇവർക്ക് പരിക്കേറ്റത്. കന്നിമല ഫാക്ടറി ഡിവിഷനിൽ വിഗ്നേശ് (26), സഹോദരൻ ബാലദണ്ഡൻ (23) എന്നിവരാണ് പരിക്കേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ശനിയാഴ്ച രാത്രി 9.30ന് മൂന്നാർ - മറയൂർ റോഡിൽ കന്നിമല ഫാക്ടറിക്കു സമീപമാണ് സംഭവം. മൂന്നാറിൽ നിന്നു കന്നിമല ലോവറിലേക്കു പോകുകയായിരുന്ന ജീപ്പും ഫാക്ടറി ഡിവിഷനിലേക്കു പോകുകയായിരുന്ന ബൈക്കും പടയപ്പ ആക്രമിക്കുകയായിരുന്നു.