ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ്; ജയറാം രമേഷിന്റെ പ്രതികരണം തരൂരിന്റെ പേരെടുത്ത് പറയാതെ
Saturday, February 15, 2025 9:31 PM IST
ന്യൂഡല്‍ഹി: കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ചും ശശി തരൂർ എംപി നടത്തിയ അഭിപ്രായത്തെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ഏത് വിഷയത്തിലും പാര്‍ട്ടിയുടെ അഭിപ്രായത്തിനാണ് മുന്‍തൂക്കമെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേഷ് പറഞ്ഞു.
വ്യക്തിയുടെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ പേരെടുത്ത് പറയാതെയാണ് ജയറാം രമേഷിന്റെ പ്രതികരണം.
രാജ്യത്ത് സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായം പ്രകടിപ്പിച്ചതിന് ശേഷമുള്ള സ്വാതന്ത്ര്യവും നല്കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പാര്‍ട്ടി അംഗങ്ങള്‍ പലപ്പോഴും പല വിഷയങ്ങളില്‍ പറയുന്ന അവരുടെ നിരീക്ഷണങ്ങള്‍ അവരുടേത് മാത്രമാണ്.
അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. ഈ സാഹചര്യത്തില്‍ ഇതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് ജയറാം രമേഷ് ഇക്കാര്യം അറിയിച്ചത്.