കേരളം നേടിയ വികസനത്തെക്കുറിച്ച് തരൂർ നടത്തിയത് വസ്തുതാപരമായ പ്രതികരണം; പ്രശംസിച്ച് മുഖ്യമന്ത്രി
Saturday, February 15, 2025 6:31 PM IST
കോഴിക്കോട്: കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപ സൗഹൃദകാര്യത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും ശിപാർശയിലൂടെയല്ല കേരളം അംഗീകാരം നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണമെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ എംപി വ്യക്തമാക്കി.
വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയത്. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.