പണത്തെച്ചൊല്ലി തർക്കം; ലഹരിക്ക് അടിമയായ മകൻ അമ്മയെ കൊലപ്പെടുത്തി
Saturday, February 15, 2025 2:20 PM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ലഹരിക്ക് അടിമയായ മകൻ അമ്മയെ കൊലപ്പെടുത്തി. ദയാൽപൂർ പ്രദേശത്താണ് സംഭവം.
65വയസുള്ള അമ്മയെ കൊലപ്പെടുത്തിയ കേസിൽ സോനു(40) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ദയാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഡ്രൈവറായ സോനു നിലവിൽ തൊഴിൽരഹിതനാണ്. ഇയാൾ മയക്കുമരുന്നിന് അടിമയുമാണെന്നും പണത്തെച്ചൊല്ലി അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
വെള്ളിയാഴ്ച രാത്രിയും ഇരുവരും തമ്മിൽ സമാനമായ തർക്കം ഉണ്ടായതായും സോനു അമ്മയെ കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.