ഭീകരരുമായി ബന്ധം; അധ്യാപകനെയും പോലീസുകാരനെയും ഉൾപ്പടെ മൂന്നുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
Saturday, February 15, 2025 2:10 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പോലീസ് കോൺസ്റ്റബിൾ, അധ്യാപകൻ, വനംവകുപ്പ് ജീവനക്കാരൻ എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഗവർണർ മനോജ് സിൻഹയാണ് നടപടി സ്വീകരിച്ചത്.
പോലീസും രഹസ്യാന്വേഷണ ഏജൻസികളും നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ലെഫ്റ്റനന്റ് ഗവർണറുടെ നടപടിയെന്ന് വൃത്തങ്ങൾ അറിയിച്ചു.
2024 മെയ് മാസത്തിൽ അറസ്റ്റിലായ ജമ്മു കാഷ്മീർ പോലീസ് കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട്, ജില്ലാ ജയിലിൽ കഴിയുന്ന അധ്യാപകനായ മുഹമ്മദ് അഷ്റഫ് ഭട്ട്, ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ജോലിയ ചെയ്യുന്ന നിസാർ അഹമ്മദ് ഖാൻ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഫിർദൗസ് അഹമ്മദ് ഭട്ടും മുഹമ്മദ് അഷ്റഫ് ഭട്ടും ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയിലെ അംഗങ്ങളാണ്. നിസാർ അഹമ്മദ് ഖാൻ ഹിസ്ബുൾ മുജാഹിദീനെ സഹായിച്ചതായി വൃത്തങ്ങൾ അറിയിച്ചു.