നഴ്സിംഗ് കോളജിലെ റാഗിംഗ്; അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും
Saturday, February 15, 2025 1:19 PM IST
കോട്ടയം: ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളജിലെ റാഗിംഗിൽ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടയും. നഴ്സിംഗ് കൗണ്‍സിലിന്റെ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ ഇവരെ കോളജിൽനിന്ന് ഡീബാര്‍ ചെയ്യും.
അതേസമയം റാഗിംഗിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പോലീസ് പരിശോധന നടത്തി.
പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പോലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയിൽ ഉണ്ട്.
അതിനിടെ റാഗിംഗിന് ഇരയായ നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥികളിൽ ഒരാൾ മാത്രമായിരുന്നു നേരത്തെ പരാതി നൽകിയിരുന്നത്.
സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിംഗിന് കാരണമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി.