മൂന്നാറിൽ കാട്ടാന ആക്രമണം: കാർ കുത്തിമറിച്ചു; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Saturday, February 15, 2025 12:14 PM IST
ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ദേവികുളം സിഗ്നൽ പോയിന്റിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.
ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സിഗ്നൽ പോയിന്റിൽ വച്ച് കാർ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
പാഞ്ഞടുത്ത കാട്ടാന വാഹനം ചവിട്ടി മറിച്ചിടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ എത്തി കാർ ഉയർത്തിയാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല.