മുന്‍ വൈരാഗ്യത്തോടെയുള്ള കൊടുംക്രൂരത; ചേന്ദമംഗലം കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Saturday, February 15, 2025 10:46 AM IST
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയാണിതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പ്രതി ഋതുവിന് ജിതിന് ബോസിന്റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം പക തീര്‍ത്തുവെന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്. കേസില്‍ ആകെ 112 സാക്ഷികളാണുള്ളത്. 60 തെളിവ് രേഖകള്‍ ശേഖരിച്ചു.
കഴിഞ്ഞ ജനുവരി 15ന് ആണ് കേസിനാസ്പദമായ സംഭവം. പ്രതി ഋതു അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ കൊലപ്പെടുത്തുകയായിരുന്നു.
കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കൊലപാതകത്തിന് ശേഷം പ്രതി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.