പാവയെ തിരയുന്നതിനിടെ അപകടം; സംസാരശേഷിയില്ലാത്ത കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു
Saturday, February 15, 2025 8:25 AM IST
തിരുവനന്തപുരം: നേമത്ത് വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.
പാവയെ തിരയുന്നതിനിടെ കിണറ്റിൽവീണതാകാമെന്നാണ് നിഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ അപകടം സംഭവിച്ചത് ആരുമറിഞ്ഞില്ല. പിന്നീട് അമ്മ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
കിണറിന് സമീപത്ത് കസേര കണ്ട് സംശയം തോന്നിയാണ് കിണറ്റിൽ പരിശോധിച്ചത്. കുട്ടി കസേരയിൽ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തിനോക്കിയതാകാമെന്നാണ് സംശയിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. നഴ്സറി വിട്ടുവന്നശേഷം വീട്ടുമുറ്റത്ത് രണ്ടുവയസുകാരിയായ സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അപകടം.