ത്രിരാഷ്ട്ര ക്രിക്കറ്റ്; ന്യൂസിലൻഡിന് കിരീടം
Saturday, February 15, 2025 5:34 AM IST
കറാച്ചി: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പാക്കിസ്ഥാനിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരന്പരയിൽ ന്യൂസിലൻഡ് ജേതാക്കളായി. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് കിവീസ് കിരീടം നേടിയത്. രണ്ട് മത്സരങ്ങളും തോറ്റ് ദക്ഷിണാഫ്രിക്ക നേരത്തെ പുറത്തായിരുന്നു.
സ്കോർ: പാക്കിസ്ഥാൻ 242 (49.3), ന്യൂസിലൻഡ് 243/5(45.2). ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.3 ഓവറിൽ 242 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ന്യൂസിലൻഡ് 45.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ പാക്നിരയിൽ ടോപ് സ്കോററായി. സൽമാൻ അലി ആഗ (45), തയ്യാബ് താഹിർ (38), ബാബർ അസം (29) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ന്യൂസിലൻഡിനായി വിൽ ഒ റൂക്ക് നാല് വിക്കറ്റുകൾ നേടി.
ഡാരിൽ മിച്ചൽ (57), ടോം ലാതം (56), ഡെവൺ കോൺവേ (48) എന്നിവരുടെ നേതൃത്വത്തിൽ കിവീസ് 45.2 ഓവറിൽ വിജയ റൺസ് കുറിച്ചത്. പാക്കിസ്ഥാനുവേണ്ടി നസീം ഷാ രണ്ടു വിക്കറ്റ് നേടി. സൽമാൻ അലി ആഗയെ പരമ്പരയുടെ താരമായും വിൽ ഒ റൂക്കിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.