കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ നിർത്തിവയ്ക്കാൻ നിർദേശം; തീരുമാനം മോണിറ്ററിംഗ് കമ്മിറ്റിയുടേത്
Friday, February 14, 2025 10:18 PM IST
കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. എഡിഎമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് തീരുമാനമുണ്ടായത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രജിസ്ട്രേഷന് റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു.
അതേസമയം ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കേസ് എടുക്കാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിര്‍ദേശം നൽകി. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. നാട്ടാന ചട്ടം ലംഘിച്ചുവെന്നും ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവന്നെ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താനും ശിക്ഷനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു. ഈ ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശിച്ചതായും ശശീന്ദ്രന് വ്യക്തമാക്കി.