പോട്ടയിലെ ബാങ്ക് കൊള്ള; പ്രതി കൃത്യം നടത്തിയത് രണ്ടര മിനിറ്റിനുള്ളിൽ
Friday, February 14, 2025 6:57 PM IST
തൃശൂർ: പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽനിന്ന് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി അജ്ഞാതൻ 15 ലക്ഷം കവർന്നത് രണ്ടര മിനിറ്റിനുള്ളിൽ. ഈ സമയംകൊണ്ട് പ്രതി കൃത്യം നടത്തി പുറത്തുണ്ടായിരുന്ന ഇരുചക്ര വാഹനത്തിൽ കടന്നുകളഞ്ഞു.
അതേസമയം പോട്ടയിലെ ഫെഡറൽ ബാങ്കിൽ മോഷണം നടത്തിയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി റൂറൽ എസ്പി ബി. കൃഷ്ണകുമാർ അറിയിച്ചു. ഹിന്ദിയിലാണ് പ്രതി സംസാരിച്ചിരുന്നതെന്നും എസ്പി പറഞ്ഞു.
ഹിന്ദി സംസാരിച്ചതിനാൽ മലയാളി അല്ലെന്ന് ഉറപ്പിക്കാനാകില്ല. ബാങ്കിനെക്കുറിച്ച് അറിയാവുന്ന ആളാണ് മോഷ്ടാവ്. 45 ലക്ഷം രൂപ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം മാത്രമാണ് കവർന്നത്. പ്രതി പോയ വഴിയെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
തൃശൂർ പോട്ടയിൽ ആണ് പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നത്. പോട്ട ഫെഡറൽ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം.
15 ലക്ഷത്തോളം രൂപ നഷ്ടമായിട്ടുണ്ട്. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കിൽ ഉണ്ടായിരുന്നതായാണ് വിവരം. മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.