ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവം: നാട്ടാനപരിപാലന ചട്ടലംഘനമുണ്ടായെന്ന് ഫോറസ്റ്റ് കൺസർവേറ്റർ
Friday, February 14, 2025 3:49 PM IST
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആര്. കീര്‍ത്തി.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. വീഴ്ചയില്‍ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ വനംമന്ത്രി പറയുമെന്നും അവർ കൂട്ടിച്ചേർത്തു.
ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ആശുപത്രിയിൽ എത്തി പരിക്കേറ്റവരുടെ മൊഴി ഇന്ന് എടുക്കും. ആന എഴുന്നള്ളിപ്പിനുള്ള അനുമതി ക്ഷേത്രഭാരവാഹികള്‍ എടുത്തിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകടത്തിൽ മരിച്ച ഊരള്ളൂർ വടക്കയിൽ രാജൻ (68), വട്ടാക്കണ്ടിലീല (65), വടക്കയില്‍ അമ്മുക്കുട്ടി (78) എന്നിവരുടെ പോസ്റ്റ്മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേർ ഉൾപ്പെടെ 13 പേർ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകുന്നേരം ആറോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഗുരൂവായൂരില്നിന്നെത്തിച്ച പീതാംബരന്, ഗോകുല്‍ എന്നീ ആനകളാണ് ഉല്‍സവത്തിനിടെ ഇടഞ്ഞത്. ക്ഷേത്രത്തിൽ ഉണ്ടായി രുന്നവർ ചിതറിയോടി. ഓടുന്നതിനിടെ താഴെ വീണ് തലയ്ക്കേറ്റ ക്ഷതമാണ് മൂന്നുപേരുടെയും മരണത്തിലേക്ക് നയിച്ചത്. ഒരു മണിക്കൂറോളം ആനകൾ പരിഭ്രാന്തി പരത്തി. പിന്നീട് ആനകളെ തളച്ചു.