ആനയിടഞ്ഞ് മൂന്നുപേർ മരിച്ച സംഭവം; കേസെടുക്കാൻ നിർദേശിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ
Friday, February 14, 2025 3:17 PM IST
കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കേസ് എടുക്കാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശം.
ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. നാട്ടാന ചട്ടം ലംഘിച്ചുവെന്നും ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവന്നെ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താനും ശിക്ഷനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു. ഈ ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശിച്ചതായും ശശീന്ദ്രന് വ്യക്തമാക്കി.
സംഭവത്തില്‍ പോലീസ് നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്. നമ്മുടെ നാട്ടിലെ ഉത്സവാചാരത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. നിബന്ധനകള്‍ ആര് ലംഘിച്ചാലും ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുമെന്നുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല, വടക്കയില്‍ അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന് എന്നിവരാണു മരിച്ചത്. 32 പേര്‍ക്കു പരിക്കേറ്റു. എട്ട് പേരുടെ നില ഗുരുതരമാണ്. ഉത്സവത്തിനിടെ വ്യാഴാഴ്ച വൈകിട്ട് ആറിനാണ് പീതാംബരന്, ഗോകുല്‍ എന്നീ ആനകള്‍ ഇടഞ്ഞത്.