വയനാട് പുനരധിവാസം; 529.50 കോടിയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം
Friday, February 14, 2025 2:57 PM IST
ന്യൂഡല്‍ഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡുകളും പാലവും സ്കൂളുകളും പുനര്‍ നിര്‍മ്മിക്കുന്നതിനാണ് കേന്ദ്രസഹായം.
ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ല. വായ്പ തിരിച്ചടവിന് 50 വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
കെട്ടിട നിർമാണം, സ്കൂൾ നവീകരണം, റോഡ് നിർമാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ തുടങ്ങിയവയ്ക്ക് കേന്ദ്രം നൽകുന്ന പണം വിനിയോഗിക്കാം. ടൗൺഷിപ്പിനായും പണം ചെലവഴിക്കാം.
2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം നിർമാണം തുടങ്ങണമെന്നാണ് നിബന്ധന. മാര്‍ച്ച് 31 നകം പണം വിനിയോഗിക്കണമെന്നും നിർദേശമുണ്ട്.
അനുവദിച്ച പദ്ധതികളില്‍നിന്നു മാറി ഏതെങ്കിലും തരത്തില്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നും കത്തില്‍ പറയുന്നു. ആവര്‍ത്തനപദ്ധതികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
വയനാടിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് സംസ്ഥാന സര്‍ക്കര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് പലിശരഹിത വായ്പയായി പണം അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം.