യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നു; എലപ്പുള്ളിയിൽ സിപിഎമ്മിന്റെ അവിശ്വാസം പാളി
Friday, February 14, 2025 2:00 PM IST
തിരുവനന്തപുരം: ബ്രൂവറി വിഷയം കത്തിനിൽക്കുന്ന എലപ്പുള്ളി പഞ്ചായത്തിൽ സിപിഎമ്മിന്റെ അവിശ്വാസ നീക്കം പാളി. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാതെ തള്ളി.
22 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ക്വാറം തികയാന്‍ 11 അംഗങ്ങള്‍ ആവശ്യമാണെന്നിരിക്കേ സിപിഎമ്മിലെ എട്ടുപേര്‍ മാത്രമായിരുന്നു ഹാജരായിരുന്നത്. ഒമ്പതു കോൺഗ്രസ് അംഗങ്ങളും അഞ്ചു ബിജെപി അംഗങ്ങളും വിട്ടുനിന്നു. ഇതോടെയാണ് പ്രമേയം ചര്‍ച്ചചെയ്യാതെ തള്ളിയത്.
ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും അംഗങ്ങളോട് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരുകൂട്ടരും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നു.
അവിശ്വാസം തള്ളിയതോടെ സിപിഎം പ്രവര്‍ത്തകര്‍ പുറത്തേക്കെത്തി പ്രതിഷേധിച്ചു. യുഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ട് ഇതോടെ വെളിച്ചത്തായതായി സിപിഎം ആരോപിച്ചു. അതേസമയം, അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടു നിന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി പ്രതികരിച്ചു.
യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് കാരണം പഞ്ചായത്ത് വികസന മുരടിപ്പിലൂടെയാണ് കടന്ന് പോകുന്നതെന്നും, അഴിമതി കാരണം ജനങ്ങള്‍ക്ക് പഞ്ചായത്ത് തല സേവന കാര്യക്ഷമമായി കിട്ടുന്നില്ലെന്നുമാണ് സിപിഎം ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് വൈകുന്നേരം എലപ്പുള്ളി പഞ്ചായത്തോഫീസിനുമുന്നില്‍ സിപിഎം രാഷ്ട്രീയ വിശദീകരണയോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പങ്കെടുക്കും.
ബ്രൂവറിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ അലയടിക്കുന്നതിനിടയിലാണ് അവിശ്വാസ പ്രമേയം വന്നത്. ബ്രൂവറി തുടങ്ങാൻ നൽകിയ അനുമതി റദ്ദാക്കണമെന്ന് പഞ്ചായത്ത് കഴിഞ്ഞ ദിവസം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.