തമിഴ്നാട്ടിൽ സ്കൂളിൽ വിദ്യാർഥിനിക്ക് പീഡനം; സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ
Friday, February 14, 2025 12:50 PM IST
ചെന്നൈ: തമിഴ്നാട്ടിൽ സ്കൂളിൽ വച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച മൂന്ന് സീനിയർ വിദ്യാർഥികൾ പിടിയിൽ. സേലം ജില്ലയിലെ സർക്കാർ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥികളായ മൂന്നുപേരാണ് പിടിയിലായത്.
ജനുവരി 22 ന് സ്കൂൾ പരിസരത്ത് വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ കുട്ടി സംഭവത്തെക്കുറിച്ച് സഹപാഠിയോട് പറയുകയും ഈ കുട്ടി അധ്യാപികയെ വിവരമറിയിക്കുകയും ചെയ്തു.
അധ്യാപിക ഇതേക്കുറിച്ച് സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചുവെങ്കിലും ഇവർ പോലീസിനെ അറിയിക്കാൻ വൈകി. ഫെബ്രുവരി 10 ന് പെൺകുട്ടിയുടെ അമ്മാവൻ ഹെൽപ്പ് ലൈൻ നമ്പറായ 1098 ൽ വിളിച്ച് വിവരമറിയിച്ചു.
തുടർന്ന് ശിശുക്ഷേമ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തി പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം (പോക്സോ) പോലീസ് മൂന്ന് വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. ആവശ്യമെങ്കിൽ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.