നൈറ്റ് പട്രോളിംഗിനിടെ കൈക്കൂലി; വിജിലന്‍സ് പരിശോധനയിൽ എസ്ഐ അടക്കമുള്ളവർ പിടിയിൽ
Friday, February 14, 2025 12:40 PM IST
കൊച്ചി: വിജിലന്‍സിന്റെ ഓപ്പറേഷന് മിഡ്നൈറ്റില്‍' കുടുങ്ങി എസ്ഐ അടക്കമുള്ള പോലീസുകാർ. മണ്ണാര്‍ക്കാട് ഹൈവേ സ്ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്ട്രോള് റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് 2000 രൂപയും പിടികൂടി.
പോലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി വ്യാപക പരാതി ഉയർന്നതോടെയാണ് എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാഴാഴ്ച രാത്രി വിജിലൻസ് റെയ്ഡ് നടത്തിയത്. രാത്രികാല പരിശോധന നടത്തുന്ന ഫ്ളൈയിംഗ് സ്ക്വാഡ്, കണ്ട്രോള് റൂം വാഹനങ്ങള്‍, എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന.
മദ്യലഹരിയിലായിരുന്ന മൂവാറ്റുപുഴ ഫ്ലൈയിംഗ് സ്ക്വാഡിലെ പോലീസുകാരനും പിടിയിലായിട്ടുണ്ട്. ഒറ്റ ദിവസത്തെ പരിശോധനയില്‍ എസ്ഐ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വിജിലന്‍സ് സ്ക്വാഡ് അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരും. പിടിയിലായ പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.