ഗേറ്റ് തലയിൽ വീണ് ഗുരുതര പരിക്കേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു
Friday, February 14, 2025 11:50 AM IST
ചെന്നൈ: ഗേറ്റ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർഥി ഐശ്വര്യയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് പിതാവ് സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു സംഭവം. അപകടത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വ്യാഴാഴ്ച വൈകിട്ട് പിതാവ് കുട്ടിയെ സ്കൂളിൽ നിന്നും സ്കൂട്ടറിൽ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് പെൺകുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു. അച്ഛൻ ഇരുചക്രവാഹനവുമായി പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചു.
പെട്ടെന്ന് പെൺകുട്ടിയുടെ മേൽ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ അയൽക്കാരും പെൺകുട്ടിയുടെ അച്ഛനും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.