മസ്തകത്തിൽ പരിക്കേറ്റ ആന അവശനിലയിൽ; അരുൺ സക്കറിയയും സംഘവും ഇന്ന് എത്തും
Friday, February 14, 2025 10:29 AM IST
മലയാറ്റൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആന അവശനിലയിൽ. ആരോഗ്യനില മോശമായി ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ആനയെന്നാണ് വിലയിരുത്തൽ.
ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടായെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്നുതന്നെ പിടികൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയാറെടുപ്പുകൾ തുടങ്ങി.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് അരുൺ സക്കറിയയും സംഘവും എത്തി മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തുകയായിരുന്നു. ആന നിലവിൽ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഉള്ളത്.