മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച് പടയപ്പ
Friday, February 14, 2025 10:18 AM IST
ഇടുക്കി: മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നിലിടിച്ച് കാട്ടാന പടയപ്പ. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബസിന് പിന്നില്‍ ആന മസ്തകം കൊണ്ട് ഇടിക്കുകയായിരുന്നു.
ആന പിന്തിരിഞ്ഞതിന് ശേഷമാണ് ബസ് മുന്നോട്ടെടുക്കാനായത്. മൂന്നാറില്‍നിന്ന് ഉടുമലൈയിലേക്ക് പോയ ബസിന് നേരെയായിരുന്നു ആക്രമണം. ആനയെ എത്രയും പെട്ടെന്ന് പ്രദേശത്തുനിന്ന് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മദപ്പാടിലുള്ള പടയപ്പ കുറച്ച് ദിവസങ്ങളായി അക്രമാസക്തനാണ്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികരായ അമ്മയെയും മകനെയും പടയപ്പ ആക്രമിച്ചിരുന്നു. സ്വദേശികളായ ഡില്‍ജിയെയും മകന് ബിനിലിനെയുമാണ് ആക്രമിച്ചത്.
ആനയെ കണ്ടതോടെ ഡില്‍ജിയും ബിനിലും ബൈക്ക് നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഡില്‍ജിയെ ആന എടുത്തെറിയുകയായിരുന്നു. ഇടുപ്പെല്ല് പൊട്ടിയ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.