പാതിവില തട്ടിപ്പ്; അനന്തുവിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്
Thursday, February 13, 2025 7:33 PM IST
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന.
പനമ്പള്ളി നഗറിലെ സോഷ്യൽബീ വെഞ്ച്വേഴ്സിലാണ് ആദ്യം പരിശോധന നടത്തിയത്. പകുതി വിലയ്ക്ക് വാഹനങ്ങൾ അടക്കം നൽകാമെന്ന് പറഞ്ഞ് പ്രതി ഉണ്ടാക്കിയ കരാർ രേഖകൾ ഇവിടെ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തെന്ന് സൂചനയുണ്ട്.
സ്കൂട്ടറിനും ലാപ്ടോപ്പിനും കാർഷിക ഉപകരണങ്ങൾക്കുമെല്ലാമായി ജനങ്ങളിൽനിന്ന് വിവിധ സംഘടനകൾ വഴി പിരിക്കുന്ന പണം എത്തിയിരുന്നത് സോഷ്യൽബീ വെഞ്ച്വേഴ്സ്, പ്രഫഷനൽ സർവീസസ് ഇന്നവേഷൻ എന്നീ സ്ഥാപനങ്ങളിലേക്കായിരുന്നു. ഇത്തരത്തിൽ 500 കോടി രൂപ ഈ കമ്പനികളിൽ എത്തിയതായാണ് സംശയം.
അരലക്ഷത്തിനടുത്ത് ആളുകളിൽനിന്ന് ഇരുചക്ര വാഹനങ്ങൾ നൽകാമെന്നു വാഗ്ദാനം നൽകി 60,000 രൂപ വീതം പിരിച്ചിട്ടുണ്ട്. ലാപ്ടോപ്, ഗൃഹോപകരണങ്ങള്‍ ഉൾപ്പെടെയുള്ളവയ്ക്ക് പിരിച്ച പണം ഇതിനു പുറമമെയാണ്.
ഇതെല്ലാം ഈ അക്കൗണ്ടുകളിലേക്ക് എത്തിയെങ്കിലും അനന്തു കൃഷ്ണൻ പിടിയിലാകുമ്പോൾ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത് നാലു കോടി രൂപ മാത്രമാണ്. തട്ടിപ്പിന് ഇയാൾ കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.