ഉത്സവത്തിനിടെ അനയിടഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം
Thursday, February 13, 2025 6:57 PM IST
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനയിടഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ആന ഉത്സവകമ്മിറ്റി ഓഫീസ് തകർത്തപ്പോഴുണ്ടായ അപകടത്തിൽ കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. അടുത്തടുത്ത് നിന്ന ആനകൾ പരസ്പരം കുത്തി വിരണ്ട് ഓടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.
ആനകൾ വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഉത്സവകമ്മിറ്റി ഓഫീസ് തകർത്ത് റോഡിലേക്ക് ഇറങ്ങിയ ആനകളെ പാപ്പാൻമാരുടെ നേതൃത്വത്തിൽ തളച്ചു. വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നാണ് പ്രാഥമിക വിവരം.