നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പ്പോര്, സഭ പിരിഞ്ഞു
Thursday, February 13, 2025 12:08 PM IST
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പ്പോര്. ഇന്ന് അടിയന്തര പ്രമേയ അവതരണത്തിനിടെയാണ് സംഭവം. നിയമസഭയിൽ സ്പീക്കർ തന്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവാണ് ആദ്യം രംഗത്തെത്തിയത്.
എന്നാൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എ.എൻ. ഷംസീർ ആരോപണം നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പിന്നാലെ സഭ കലുഷിതമായി. ഇതോടെ സഭയിലെ ഓഡിയോ മ്യൂട് ചെയ്തു. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
എസ്സി - എസ്ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകൾക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എ.പി. അനിൽകുമാർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
സർക്കാരിന്റെ മുൻഗണന ലിസ്റ്റിൽ പിന്നാക്ക വിഭാഗങ്ങൾ ഇല്ലെന്നും ഇടതു സർക്കാർ ദളിത് ആദിവാസി വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തിയ അനിൽകുമാർ, കിഫ്ബി ഫണ്ടു വഴിയുള്ള പദ്ധതികളിലും എസ്സി - എസ്ടി വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് വിമർശിച്ചു.