ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകം; പ്രതി ഹരികുമാർ മാത്രമെന്ന് പോലീസ്
Thursday, February 13, 2025 11:48 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹരികുമാർ മാത്രമാണെന്ന് പോലീസ്.
കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതി ഹരികുമാര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. സഹോദരി ശ്രീതുവുമായി ഇയാൾക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു.
കൊലപാതകം നടന്ന ദിവസവും കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരികുമാർ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. കുഞ്ഞ് കരഞ്ഞതോടെ മുറിയിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഈ സംഭവമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് ഹരികുമാർ പോലീസിനോട് പറഞ്ഞത്. അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം കസ്റ്റഡി കാലാവധി തീർന്നതിനാൽ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി. ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.