ചോറ്റാനിക്കരയില്‍ യുവതി ക്രൂരപീഡനത്തിനിരയായി മരിച്ച സംഭവം; ആൺസുഹൃത്തിനെതിരേ നരഹത്യാക്കുറ്റം ചുമത്തി
Thursday, February 13, 2025 11:23 AM IST
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ് സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി യുവതി മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതി അനൂപ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ലൈംഗിക പീഡനത്തിനിരയാക്കിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വൈദ്യസഹായം നിഷേധിച്ചത് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാണ് നരഹത്യാ വകുപ്പ് അടക്കം ചുമത്തിയത്.
കഴിഞ്ഞ ജനുവരി 26ന് വൈകിട്ടാണ് യുവതിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.