ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും
Thursday, February 13, 2025 4:16 AM IST
കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും.
നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമാ തോമസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകൾ കൂടി വിശ്രമം അനിവാര്യമാണെന്നും ഉമാ തോമസ് കുറിച്ചു.
ഡിസംബർ 29ന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.
വേദിയിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരിക്കേറ്റിരുന്നു.