ഒറ്റയാൾ സെഞ്ചുറിയുമായി അസലങ്ക, ശ്രീലങ്ക 214നു പുറത്ത്; തകർച്ചയോടെ തുടങ്ങി ഓസീസ്
Wednesday, February 12, 2025 2:34 PM IST
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 215 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46 ഓവറിൽ 214 റൺസിനു പുറത്തായി.
വെടിക്കെട്ട് സെഞ്ചുറിയുമായി ഒറ്റയാൾ പോരാട്ടം നടത്തിയ ക്യാപ്റ്റൻ ചരിത് അസലങ്കയുടെ ബാറ്റിംഗ് മികവിലാണ് ആതിഥേയർ മാന്യമായ സ്കോറിലെത്തിയത്. 126 പന്തിൽ 14 ബൗണ്ടറികളും അഞ്ചു സിക്സറുമുൾപ്പെടെ 127 റൺസാണ് അസലങ്ക അടിച്ചുകൂട്ടിയത്.
അതേസമയം, നായകനു പുറമേ, കുശാൽ മെൻഡിസ് (19), ജനിത് ലിയാനഗെ (11), ദുനിത് വെല്ലാലഗെ എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
ഓസ്ട്രേലിയയ്ക്കു വേണ്ടി സീൻ ആബട്ട് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പെൻസർ ജോൺസൺ, ആരോൺ ഹാർഡി, നഥാൻ എല്ലിസ് എന്നിവർ രണ്ടുവിക്കറ്റ് വീതവും മാത്യു ഷോർട്ട് ഒരുവിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയുടെ തുടക്കം തകർച്ചയോടെയാണ്. ഏഴുറൺസെടുക്കുന്നതിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. മാത്യു ഷോർട്ട് (പൂജ്യം), ജെയ്ക് ഫ്രേസർ മക്ഗർക് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അസിത ഫെർണാണ്ടോയ്ക്കാണ് രണ്ടുവിക്കറ്റുകളും.
ഒരു റണ്ണുമായി കൂപ്പർ കോണോലിയും റണ്ണൊന്നുമെടുക്കാതെ നായകൻ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.