പി.കെ. രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്; നൂറിലേറെ രേഖകൾ പിടിച്ചെടുത്തു
Wednesday, February 12, 2025 1:53 PM IST
തലശേരി: കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. റെയ്ഡിൽ നൂറിലേറെ രേഖകൾ പിടിച്ചെടുത്തു.
25 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകളും നാല് സ്ഥലങ്ങളുടെ രേഖകളും ഇതിൽ ഉൾപ്പെടും. ഫിക്സഡ് ഡെപ്പോസിറ്റ് നിലവിലുള്ളപ്പോൾ തന്നെ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത നൂറിലേറെ രേഖകൾ വിജിലൻസ് വിശദമായി പരിശോധിച്ചു വരികയാണ്.
ചൊവ്വാഴ്ച രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് രാത്രി പത്തിനാണ് അവസാനിച്ചത്. കോഴിക്കോട് വിജിലൻസ് സെൽ എസ്പി കെ.പി. അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് വിജിലൻസ് സംഘം രാഗേഷിന്റെ വീട് ഉൾപ്പെടെയുള്ള നാല് കേന്ദ്രങ്ങളിലും പരിശോധനയ്ക്കെത്തിയത്.
പരിശോധനയ്ക്കിടയിൽ പല തവണ രാഗേഷ് വിജിലൻസ് സംഘവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
വിജിലൻസ് സംഘത്തോടൊപ്പം ഗസറ്റഡ് റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരും ഉണ്ടായിരുന്നു. ഡിവൈഎസ്പിമാരായ സുരേഷ്കുമാർ, രമേശ്, ഗണേഷൻ, സിഐമാരായ അനൂപ്, ഷംജിത്ത്, രാജേഷ് എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.