സ്വകാര്യ സർവകലാശാല; സാമൂഹ്യ നീതിയും മെറിറ്റും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ
Tuesday, February 11, 2025 9:45 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. ബിൽ പാസാക്കുന്നതിനു മുന്പ് വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തണമെന്നും മെറിറ്റും ജനാധിപത്യവും സാമൂഹികനീതിയും ഉറപ്പാക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
പിന്നോക്ക വിദ്യാർഥികൾക്ക് സ്വകാര്യ സർവകലാശാലയിൽ ഫീസ് ഇളവ് വേണമെന്നും എസ്എഫ്ഐ നിർദേശിച്ചു. സ്വകാര്യ സർവകലാശാല വിഷയത്തിൽ മുന്പ് സമരം നടത്തിയ എസ്എഫ്ഐ പുതിയ ബില്ലിൽ പ്രതികരിക്കാത്തതിനെതിരേ വ്യാപക ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് നിലപാട് അറിയിച്ചത്.
ഇന്റേണൽ മാർക്കിന്റെ പേരിൽ വലിയ വേട്ടയാടലുകളാണ് സ്വകാര്യ - സ്വാശ്രയ കോളജുകളിൽ വിദ്യാർഥികൾക്ക് നേരെ നടക്കുന്നത്. ഇന്റേണൽ മാർക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയിൽ വിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.