പാതിവില തട്ടിപ്പ് കേസ്; അനന്തു പണം ചെലവഴിച്ചത് ആഡംബരജീവിതത്തിന്
Monday, February 10, 2025 10:01 PM IST
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന് തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്ക് ചെലവഴിച്ചത് ആഡംബര ജീവിതത്തിന് വേണ്ടി. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളാണ് പണം ആഡംബര ജീവിതത്തിനായി ചെവഴിച്ചതെന്ന് സൂചിപ്പിക്കുന്നത്.
തട്ടിപ്പിലൂടെ സമാഹരിച്ച പണം അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെ അക്കൗണ്ടിലേക്ക് മാറ്റിയാണ് അനന്തു ആഡംബര ജീവിതത്തിനായി ഉപയോഗിച്ചത്. വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.
എറണാകുളം പനമ്പിളളി നഗറിലുള്ള കോട്ടക് മഹീന്ദ്ര ബാങ്കില്‍ അനന്തുകൃഷ്ണന് നേരിട്ട് കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിന്റെ ഡിസംബര്‍ മാസത്തിലെ മാത്രം കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. ഡിസംബര്‍ ഒന്നിനും 31 നും ഇടയില്‍ അനന്തുകൃഷ്ണന് വിമാനയാത്രയ്ക്കായി മാത്രം ചെലവാക്കിയത് 3,38,137 രൂപയാണ്.
ഡല്‍ഹിക്കും കൊച്ചിക്കും ഇടയിലായിരുന്നു ഡിസംബര്‍ മാസത്തിലെ അനന്തുകൃഷ്ണന്റെ വിമാനയാത്രകള്‍. ആറുതവണയാണ് ഡല്‍ഹിക്കും കൊച്ചിക്കുമിടയില്‍ അനന്തു പറന്നത്. അനന്തുവിനൊപ്പം മറ്റാരെങ്കിലും ഡല്‍ഹിയിലേക്കുള്ള യാത്രകളില്‍ ഒപ്പമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
അനന്തുവിന്റെ ഡല്‍ഹിയിലെ താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു എന്നതിന്റെ തെളിവും ബാങ്ക് സ്റ്റേറ്റ്മെന്റില്‍ ഉണ്ട്. ഏറ്റവും കുറഞ്ഞ മുറിക്ക് 25,000 രൂപ ചെലവു വരുന്ന ഹോട്ടലില്‍ ഡിസംബര്‍ മാസത്തില്‍ നാല് ദിവസമെങ്കിലും അനന്തു താമസിച്ചു. ആകെ ചെലവായത് 3,66,183 രൂപ.
ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ മാത്രം ഒരു ദിവസം 1,97,000 അനന്തു ചെലവിട്ടതായും രേഖകളിലുണ്ട്. കേരളത്തിലും ഒന്നിലേറെ തവണ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പതിനായിരക്കണക്കിന് രൂപ അനന്തു ചെലവഴിച്ചതായാണ് കണക്കുകള്‍. ഏകദേശം 21 അക്കൗണ്ടുകള്‍ അനന്തു കൈകാര്യം ചെയ്തിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.