അരങ്ങേറ്റത്തില്‍ റിക്കാർഡ് സ്കോറുമായി മാത്യു ബ്രീറ്റ്സ്കെ; ദക്ഷിണാഫ്രിക്കയ്ക്ക് തോൽവി
Monday, February 10, 2025 9:33 PM IST
ലാഹോര്‍: അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റിക്കാർഡ് ഇനി ദക്ഷിണാഫ്രിക്കൻ താരം മാത്യു ബ്രീറ്റ്സ്കെയുടെ പേരിൽ. ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് ബ്രീറ്റ്സ്കെയുടെ റിക്കാര്‍ഡ് പ്രകടനം.
ഏകദിന അരങ്ങേറ്റത്തില്‍ 150 റണ്‍സെടുക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ബ്രീറ്റ്സ്കെ സ്വന്തമാക്കിയത്. 148 പന്തില്‍ നിന്ന് 11 ഫോറുകളുടെയും അഞ്ച് സിക്സുകളുടെയും അകമ്പടിയോടെ താരം 150 റണ്‍സെടുത്തു.
വിന്‍ഡീസ് ബാറ്റര്‍ ഡെസ്മണ്ട് ഹെയ്ന്സിന്റെ റിക്കാർഡാണ് താരം തിരുത്തിക്കുറിച്ചത്. 1978ല്‍ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റ മത്സരത്തില്‍ താരം 148 റണ്‍സ് ആണ് എടുത്തത്.
ബ്രീറ്റ്സെകെയുടെ പ്രകടനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോർ കുറിച്ചെങ്കിലും മത്സരം ന്യൂസിലന്‍ഡ് വിജയിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക 304/6 ന്യൂസിലൻഡ് 308/4. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് നിശ്ചിത ഓവറില്‍ 304 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 48.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കെയിന്‍ വില്യംസണിന്റെ (133) സെഞ്ചുറിയും ഡെവണ്‍ കോണ്‍വേയുടെ(97) ഇന്നിംഗ്സുമാണ് ന്യൂസിലന്‍ഡിന് ജയം സമ്മാനിച്ചത്.
മത്സരത്തിൽ ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 7000 റൺസ് തികച്ച രണ്ടാമത്തെ താരമാകാൻ വില്യംസണ് കഴിഞ്ഞു. 159 ഇന്നിംഗ്സുകളിൽ നിന്നാണ് വില്യംസൺ ഈ നേട്ടത്തിലേക്കെത്തിയത്.
161 ഇന്നിംഗ്സുകളിൽ 7,000 റൺസെടുത്ത വിരാട് കോഹ്ലിയെയാണ് വില്യംസൺ മറികടന്നത്. 150 ഇന്നിംഗ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ മുൻ താരം ഹാഷിം അംലയാണ് ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 7,000 റൺസ് തികച്ച താരം.