ആശങ്ക അറിയിച്ച് സിപിഐ; സ്വകാര്യ സർവകലാശാല ബില്ലിന് അംഗീകാരം
Monday, February 10, 2025 7:09 PM IST
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നൽകി. സിപിഐയുടെ എതിർപ്പിനെ തുടർന്ന് വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്.
ഫീസിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയാറാക്കിയത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് അധികാരങ്ങൾ ഉണ്ടാകും.
നിയമം ലംഘിച്ചാൽ ആറ് മാസം മുമ്പ് നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാരിന് അധികാരമുണ്ടാകും. സർവകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി പത്രം സർക്കാറിന് പിൻവലിക്കാം.
ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണം. എന്ന നിർദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.
സർവകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണൻ എന്നിവർ അംഗങ്ങൾ ആകും.
അക്കാദമിക് കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയേറ്റ് പ്രഫസർ പദവിയിൽ താഴെയല്ലാത്ത മൂന്ന് പേർ അംഗങ്ങളായിരിക്കണം. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.