കോട്ടയത്തെ പോലീസുകാരന്റെ കൊലപാതകം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
Monday, February 10, 2025 3:24 PM IST
തിരുവനന്തപുരം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാംപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനു എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ എൻ. ജയരാജിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ക്രൈം നമ്പര്‍ 170/2025 ആയി ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതി ജിബിന്‍ ജോര്‍ജ് റിമാൻഡിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ശ്യാംപ്രസാദിന്റെ കുടുംബത്തിനു നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.