അവസാനത്തെ അഞ്ചും വീഴ്ത്തി ശാർദുൽ; ഹരിയാന 301ന് പുറത്ത്, മുംബൈക്ക് ലീഡ്
Monday, February 10, 2025 2:56 PM IST
കോല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഹരിയാനയ്ക്കെതിരേ മുംബൈക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 315 റൺസിനെതിരെ ഹരിയാന 301ന് പുറത്തായി.
അഞ്ചിന് 263 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഹരിയാനയ്ക്ക് 38 റൺസെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. ആറുവിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറാണ് ഹരിയാനയെ തകര്‍ത്തത്. ഇന്ന് ഹരിയാനയ്ക്ക് നഷ്ടമായ അഞ്ച് വിക്കറ്റുകളും നേടിയത് ശാര്‍ദുലാണ്.
രോഹിത് പ്രമോദ് ശര്‍മ (32), ജയന്ത് യാദവ് (13), അനുജ് തക്രാൾ (12), അജിത് ചാഹൽ, അൻഷുൽ കാംബോജ് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. നേരത്തെ, 136 റണ്‍സെടുത്ത അങ്കിത് കുമാര്‍ മാത്രമാണ് ഹരിയാന നിരയില്‍ തിളങ്ങിയത്.
18.5 ഓവറിൽ 58 റൺസ് മാത്രം വഴങ്ങിയാണ് ശാർദുൽ താക്കൂർ ആറുവിക്കറ്റ് വീഴ്ത്തിയത്. അതേസമയം, ഷംസ് മുലാനി, തനുഷ് കോട്യാൻ എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മുംബൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 171 റണ്‍സെടുത്തിട്ടുണ്ട്. 45 റൺസുമായി നായകൻ അജിങ്ക്യ രഹാനെയും 40 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ. ആയുഷ് മഹാത്രെ (31), ആകാശ് ആനന്ദ് (10), സിദ്ധേഷ് ലാഡ് (43) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. നിലവില്‍ 190 റണ്‍സ് ലീഡായി മുംബൈക്ക്.