അപരാജിത സെഞ്ചുറിയുമായി സൽമാൻ; അവസാന വിക്കറ്റില്‍ 81 റണ്‍സ്; കേരളത്തിന് നിർണായക ലീഡ്
Monday, February 10, 2025 12:44 PM IST
പൂന: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാഷ്മീരിനെതിരേ കേരളം ഒന്നാമിന്നിംഗ്സിൽ 281 റൺസിനു പുറത്ത്. ഇതോടെ ഒരു റണ്ണിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് കേരളം സ്വന്തമാക്കി. സൽമാൻ നിസാറിന്റെ അപരാജിത സെഞ്ചുറിയും അവസാന വിക്കറ്റിലെ 81 റൺസിന്റെ കൂട്ടുകെട്ടുമാണ് കേരളത്തെ തകർച്ചയിൽനിന്നു കരകയറ്റിയത്.
ഒമ്പതിന് 200 എന്ന നിലയിൽ മൂന്നാംദിനം ക്രീസിലിറങ്ങിയ കേരളത്തിന് സൽമാൻ നിസാറും (112) ബേസിൽ തമ്പിയും (15) ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ടാണ് ലീഡ് സമ്മാനിച്ചത്. 172 പന്തിൽ നാലു സിക്സും 12 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് സൽമാന്റെ സെഞ്ചുറി ഇന്നിംഗ്സ്.
അതേസമയം, ജലജ് സക്സേന (67), എം.ഡി. നിധീഷ് (30), അക്ഷയ് ചന്ദ്രന് (29), മുഹമ്മദ് അസറുദ്ദീന് (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. രോഹന് കുന്നുമ്മല്‍ (ഒന്ന്), ഷോണ്‍ റോജര്‍(പൂജ്യം), ക്യാപ്റ്റന്‍ സച്ചിന് ബേബി(രണ്ട്) എന്നീ മുൻനിര താരങ്ങൾ നിരാശപ്പെടുത്തി.
മറുപടിയായി രണ്ടാമിന്നിംഗ് ബാറ്റിംഗ് ആരംഭിച്ച ജമ്മു കാഷ്മീർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിലാണ്. ഒമ്പതു റൺസുമായി യാവർ ഹസനും ഒരു റണ്ണുമായി വിവ്രാന്ത് ശർമയുമാണ് ക്രീസിൽ. രണ്ടു റൺസെടുത്ത ശുഭം ഖജുരിയയുടെ വിക്കറ്റാണ് നഷ്ടമായത്.
ലീഡ് ഒരു റൺസ് മാത്രമേ ഉള്ളൂവെങ്കിലും അത് കേരളത്തെ സംബന്ധിച്ച് നിർണായകമാണ്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചാലും കേരളത്തിന് സെമി ഫൈനലില്‍ കടക്കാന്‍ സാധിക്കും. അതേസമയം, ജമ്മു കാഷ്മീരിന് സെമിയിലെത്തണമെങ്കില്‍ ഇനി കേരളത്തെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്.