കിഫ്ബി വെന്റിലേറ്ററിലെന്ന് സതീശൻ; ടോളിന്റെ കാര്യം പറഞ്ഞ് ജനത്തെ ആശങ്കയിലാക്കേണ്ടെന്ന് ധനമന്ത്രി
Monday, February 10, 2025 12:26 PM IST
തിരുവനന്തപുരം: കിഫ്ബിയെ ഓഡിറ്റ് ചെയ്താല്‍ ഒരു വെള്ളാനയെന്ന് ബോധ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അത് ഊരേണ്ടത് എപ്പോഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണെന്ന് സതീശൻ നിയമസഭയിൽ പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയുള്ള നോട്ടീസിന് പിന്നാലെ സഭയിൽ സംസാരിക്കുകയായിരുന്നു സതീശൻ. സംസ്ഥാന ബജറ്റിന്റെ മീതെ കിഫ്ബി ഇന്ന് ബാധ്യത ആയി നിൽക്കുകയാണ്.
എന്നിരുന്നാലും കിഫ്ബി ഭയങ്കര സംഭവമാണെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കിഫ്ബിയെ ഓഡിറ്റിംഗിൽ നിന്നു ഒഴിവാക്കുന്നു. ഭരണഘടനാവിരുദ്ധമായ ബദല്‍ സംവിധാനമായി ഇത് മാറി.
കിഫ്ബി പരാജയപ്പെട്ട മോഡലാണ്. കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ല. പെട്രോൾ മോട്ടോർ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനം. സംസ്ഥാനം ട്രിപ്പിൾ ടാക്സ് പിടിക്കുകയാണ്. ഇന്ധന സെസ്, മോട്ടോർ വാഹന നികുതി എന്നിവയ്ക്ക് പുറമേ ഇപ്പോൾ റോഡ് ടോളിലേക്ക് കടക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
എന്നാൽ കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സഭയിൽ പറഞ്ഞു. കിഫ്ബി വഴി വരുമാനദായക പദ്ധതികൾ ഇനിയും കൊണ്ടുവരും.
കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിലപാടെടുത്ത് കേരളം കൊടുത്ത കേസ് തോൽപ്പിക്കരുത്. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളർത്തുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി വിമർശിച്ചു.
റോജി എം.ജോൺ ആണ് കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം അടിയന്തരപ്രമേയമായി സഭയിൽ ഉന്നയിച്ചത്. കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് റോജി ആരോപിച്ചു.