പാതിവില തട്ടിപ്പ് കേസ്: അനന്തുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും
Monday, February 10, 2025 11:40 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് സഹിതം അനന്തുവിനെ ഇന്ന് പോലീസ് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.
അനന്തു നല്കിയ മൊഴിയിലെ ആധികാരികത പരിശോധിക്കാന്‍ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങള്‍ തേടിയാവും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക.
നിലവില്‍ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ അനന്തുവിനെ കൊച്ചി, തൊടുപുഴ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഞായറാഴ്ച കൊച്ചിയിലെ ഓഫീസിലും ഫ്ളാറ്റിലും തെളിവെടുപ്പ് നടത്തി. കളമശേരിയിലെ ഓഫീസ് സീല്‍ ചെയ്തു. ഇയാളുടെ ഏതാനും ചില ജീവനക്കാരില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തില്‍നിന്ന് രാഷ്ട്രീയ നോതാക്കള്‍ക്കും സംഘടനകള്‍ക്കും പണം നല്‍കിയതായി പ്രതി മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ബാങ്ക് രേഖകള്‍ കണ്ടെടുത്ത പോലീസ് ഇതിന്റെ കൂടുതല്‍ തെളിവുകളും ശേഖരിക്കാനുള്ള നീക്കത്തിലാണ്. തട്ടിപ്പ് പണം ഉപയോഗിച്ച് ചെയ്ത കാര്യങ്ങളിലടക്കം പ്രതിയില്‍നിന്ന് ഒരിക്കല്‍ക്കൂടി വ്യക്തത വരുത്തും.
അതേസമയം, കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി ഡിജിപി ഇന്ന് ഉത്തരവിറക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം.