അര്‍ത്തുങ്കലില്‍ ബാര്‍ അടിച്ചുതകര്‍ത്ത് ഗുണ്ടാസംഘം
Monday, February 10, 2025 11:30 AM IST
ആലപ്പുഴ: അര്‍ത്തുങ്കലില്‍ ഗുണ്ടാസംഘം ബാര്‍ അടിച്ചുതകര്‍ത്തു. ചള്ളിയിൽക്കാട്ട് ബാറിന് നേരെയാണ് ആക്രമണമുണ്ടായത്.
വടിവാളുമായി എത്തിയ മൂന്നംഗ സംഘം ബാറിലേക്ക് കയറി മദ്യക്കുപ്പികളടക്കം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗം സംഘം മാസ്ക് ധരിച്ചാണ് ബാറിലേക്ക് കയറിയത്. വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ ബാറിലുണ്ടായിരുന്നവരും ജീവനക്കാരും പുറത്തേക്ക് ഓടി.
പിന്നാലെ ബാറിലെ മേശയും കസേരയും മദ്യകുപ്പികളുമെല്ലാം അടിച്ചുതകര്‍ത്തു. ഇതിനിടയിൽ ഗുണ്ടാസംഘത്തിലെ ഒരാള്‍ ബാറിൽ നിന്ന് വിലകൂടിയ മദ്യക്കുപ്പികളും എടുത്തുകൊണ്ടുപോയി. ബാറിന്റെ കൂറ്റൻ എല്‍ഇഡി ബോര്‍ഡ് റോഡിലേക്ക് മറിച്ചിട്ട് ഗതാഗതം തടസപ്പെടുത്തിയശേഷമാണ് പ്രതികള്‍ സ്ഥലത്ത് നിന്ന് പോയത്.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. വിഷ്ണു എന്നയാളാണ് കസ്റ്റഡിയിലായത്. മറ്റ് രണ്ട് രണ്ടുപേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.