അമ്മയുമായി വഴക്കിട്ട് വാടകവീടിന് തീയിട്ടു, മകന് അറസ്റ്റില്‍
Monday, February 10, 2025 10:26 AM IST
വര്‍ക്കല: അമ്മയുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വാടകയ്ക്കു താമസിച്ചുവന്ന വീട് മകന് തീയിട്ടു നശിപ്പിച്ചു. വര്‍ക്കല അയന്തി വലിയമേലതില്‍ ക്ഷേത്രത്തിനു സമീപമുള്ള വീടിനാണ് തീയിട്ടത്.
സംഭവത്തില്‍ ഇവിടെ വാടകയ്ക്കു താമസിച്ചുവന്ന പ്രജിത്തി(40)നെ വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലെത്തിയ പ്രജിത്ത് തന്റെ ഒന്‍പതുവയസുള്ള മകനെയുംകൂട്ടി പുറത്തേക്കു പോകാന്‍ ഇറങ്ങിയപ്പോൾ അമ്മ സതി തടഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ചെറുമകനുമായി സമീപത്തുള്ള ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനായി സതി പോയി.
ഇതില്‍ പ്രകോപിതനായാണ് പ്രജിത്ത് വീടിനു തീയിട്ടത്. തീ ആളിപ്പടരുന്നതുകണ്ട് പ്രദേശവാസികള്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തി. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
വീടിനുള്ളിലെ ഫര്‍ണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിക്കുകയും ഭിത്തികള്‍ പൊട്ടിയടര്ന്നുമാറുകയും ചെയ്തു. 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.
വര്‍ക്കല മേല്‍വെട്ടൂര്‍ സ്വദേശികളായ പ്രസന്നന്-ബീന ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇവരുടെ പരാതിയില്‍ കേസെടുത്ത വര്‍ക്കല പോലീസ് മേല്‍വെട്ടൂരിലെ ബന്ധുവീട്ടില്‍നിന്നാണ് പ്രജിത്തിനെ പിടികൂടിയത്.